Written by Mirash Cherian Kurian
ഐക്യരാഷ്ട്ര സഭ നിരവധി ലോക നേതാക്കളുടെ ചരിത്ര പ്രശസ്തമായ പ്രസംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചൊരു ഇടമാണ്. ചെ ഗുവേരയുടെ ‘മാതൃഭൂമി അല്ലെങ്കിൽ മരണം’ , പാലസ്തീൻ നേതാവ് യാസർ അരാഫത്തിന്റെ ‘സമാധാനത്തിന്റെ ഒലിവിലയും തോക്കും’ എന്നിവ ചില ഉദാഹരണങ്ങളാണ്. അവിടെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സ്യൂക് യൂൾ നടത്തിയ പ്രസംഗം എല്ലാവരാലും ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്.
ഐക്യരാഷ്ട്ര സഭയിൽ ജനറൽ അസംബ്ലിയുടെ എഴുപത്തിയെട്ടാം സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സ്യൂക് യൂൾ നടത്തിയ പ്രസംഗം ഏറെ കാലിക പ്രസക്ത്തിയുള്ളതാണ്. ഇന്നത്തെ ലോകത്തെ, രാജ്യങ്ങളുടെ രാഷ്ട്രീയ നേതൃത്വം ശരിയായ രീതിയിൽ ഉൾക്കൊള്ളുന്നു എന്ന സന്ദേശമാണ് ഇതിൽ നിന്നും തെളിയുന്നത്. കൊറിയൻ യുദ്ധവിരാമത്തിന്റെ എഴുപതാം വാർഷികം ആചരിക്കുമ്പോൾ ദക്ഷിണ കൊറീയ എന്ന രാജ്യം എവിടെ എത്തി നിൽക്കുന്നു എന്നതും , ആ ജനതയ്ക്ക് ഇനിയും സഞ്ചരിക്കാനുള്ള കാതങ്ങളെ അനുസ്മരിപ്പിക്കുന്നതുമായ ഒരു പ്രഭാഷണമായിരുന്നു അദ്ദേഹം നടത്തിയത്. ജപ്പാന്റെ കീഴിൽ മൂന്നര പതിറ്റാണ്ടുകൾ നീണ്ട കോളനിവാഴ്ചയ്ക്കും മൂന്ന് വർഷം നീണ്ട് നിന്ന കൊറിയൻ യുദ്ധത്തിനും നിരന്തരം സംഭവിച്ചുകൊണ്ടിരുന്ന പട്ടാള അട്ടിമറികൾക്കും ഒടുവിൽ ദക്ഷിണ കൊറീയ ഇന്ന് ഒരു ഉദാര ജനാധിപത്യരാജ്യമായി മാറിയിരിക്കുന്നു. പല വിധമുള്ള ക്ലേശങ്ങൾ അനുഭവിച്ചു ഇവിടം വരെ എത്തിയ ഒരു ജനവിഭാഗം എന്ന നിലയിൽ, തങ്ങളാൽ കഴിയും വിധം ലോകത്തിന് ഉപകാരം ചെയ്യണം എന്ന് അവർ കരുതിയാൽ അതിൽ അതിശയകരമായി ഒന്നും ഇല്ല.
ഇന്നത്തെ പലവിധത്തിലുള്ള ആഗോള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ മനുഷ്യർ പല ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ മേഖലകളിൽ ഭിന്നിച്ചിരിക്കുകയാണ്. ഈ വ്യത്യാസം കൂടുതൽ രൂക്ഷമാകുമ്പോൾ അത് മൂലമുണ്ടാകുന്ന സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ പലപ്പോഴും വിവരണാതീതമാണ്. ഈ ഭിന്നതകളെ മറികടന്ന് മുന്നേറാൻ എല്ലാ രാഷ്ട്രങ്ങളും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭയുടെ ഒപ്പം നിൽക്കണമെന്നും യൂൺ തന്റെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ദുരിത കാലത്ത് ദുർബലരായ ജനങ്ങളോട് സമരസപ്പെട്ട് നിൽക്കുക എന്നതുതന്നെയാണ് ഒരു ക്ഷേമരാഷ്ട്രത്തിന്റെ ഉത്തരവാദിത്വം. ഈ തത്വത്തിൽ ഊന്നൽ നൽകികൊണ്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രഭാഷണം ലോകത്തിന്റെ നേതൃത്വം ഭാവിയിൽ കയ്യാളാൻ പോകുന്ന തലമുറയ്ക്കും മാതൃകയാണ്. ആധുനീക ലോകത്തെ പല തട്ടാക്കി മാറ്റുന്ന വികസന വിഭജനം, കാലാവസ്ഥാ വിഭജനം, ഡിജിറ്റൽ വിഭജനം എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു യൂൺ സംസാരിച്ചത്.
ആഗോള ദക്ഷിണ രാജ്യങ്ങളുടെ കാര്യം എടുത്താൽ, ദൈനംദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള അടിസ്ഥാ സൗകര്യങ്ങളുടെ പോലും അഭാവം പ്രകടമാണ്. പ്രാഥമീക ആരോഗ്യകേന്ദ്രങ്ങൾ, കുടിവെള്ള വിതരണ സംവിധാനം, ഊർജ്ജ സൗകര്യങ്ങൾ, ഗതാഗത സംവിധാനം, വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഒന്നിച്ചു ചേർന്നെങ്കിൽ മാത്രമേ ഒരു രാജ്യത്ത് വികസനം സാധ്യമാവുകയുള്ളു. ആയതിനാൽ തന്നെ സാമ്പത്തികമായും സാങ്കേതികമായും മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് പരമാവധി ഉപകാരമാകും വിധമുള്ള നയങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആയതിനാൽ തന്നെ സാമ്പത്തികമായും സാങ്കേതികമായും മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് പരമാവധി ഉപകാരമാകും വിധമുള്ള നയങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്റെ ആദ്യപടി എന്ന നിലയിൽ ദക്ഷിണ കൊറിയയുടെ ഒഫീഷ്യൽ ഡേവലപ്പ്മെന്റ് അസ്സിസ്റ്റൻസ് ഫണ്ട് നാൽപ്പത് ശതമാനം വർധിപ്പിക്കുന്നതായി യൂൺ പ്രഖ്യാപിച്ചു.
നിലവിൽ ലോകരാജ്യങ്ങൾ നേരിടുന്ന മറ്റൊരു പ്രതിസന്ധി എന്നത് കാലാവസ്ഥ വ്യതിയാനമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം അടിക്കടി ഉണ്ടാവുന്ന ഉഷ്ണതരംഗങ്ങൾ, പേമാരി, ചുഴലിക്കാറ്റ് എന്നിവ ഇപ്പോൾ സാധാരണമായിരിക്കുന്നു. ഇത് മൽസ്യബന്ധനത്തെയും കൃഷിയെയും സാരമായ ബാധിക്കുന്നതിനാൽ വിവിധ രാജ്യങ്ങളിൽ ഇത് ഭക്ഷ്യഷാമത്തിന് കാരണമായി തീരുന്നു. ഈ വിഷയങ്ങൾ അനുഭവിക്കുന്ന രാജ്യങ്ങൾക്ക് കൈത്താങ്ങായി യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ കീഴിലുള്ള ഗ്രീൻ ക്ലൈമറ്റ് ഫണ്ടിലേക്ക് മുന്നൂറ് മില്യൺ അമേരിക്കൻ ഡോളർ സംഭാവന ചെയ്യുന്ന കാര്യവും യൂൺ സ്യൂക് യൂൾ ജനറൽ അസംബ്ലിയിലെ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു അതിനോടൊപ്പം തന്നെ ആഗോള തലത്തിൽ കാർബൺ രഹിത ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി കാർബൺ ഫ്രീ അലയൻസ് എന്നൊരു പ്ലാറ്റ്ഫോം രൂപീകരിക്കുന്നതിന് ദക്ഷിണ കൊറീയ നേതൃത്വം നൽകുകയും ചെയ്യും.
സാങ്കേതിക രംഗത്ത് ദക്ഷിണ കൊറിയൻ ചെബോളുകൾ നേടിയ മേൽക്കൈ ഏവർക്കും സുപരിചിതമാണ്. സാംസങ് ഉൾപ്പടെയുള്ള അന്താരാഷ്‌ട്ര കമ്പനികൾ അവരുടെ ശേഷി ലോകത്തിന് മുന്നിൽ തെളിയിച്ചതുമാണ്. അതിനാൽ തന്നെ ഇന്ന് ലികം നേരിടുന്ന സാങ്കേതികമായ വെല്ലുവിളിയെ മറികടക്കാൻ ഏറ്റവും പോന്ന രാജ്യങ്ങളിൽ ഒന്നും ദക്ഷിണ കൊറീയ തന്നെയാണ്. സാകേതിക വിദ്യയുടെ വളർച്ച മൂലം ലോകത്താകമാനമുള്ള ക്രയ-വിക്രയങ്ങൾ ഡിജിറ്റൽ മേഖലകയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു. ഉദ്ദാഹരണത്തിന് ഇന്ന് മൊബൈൽ പേയ്‌മെന്റ് വഴി ആർക്കും എളുപ്പത്തിൽ പണമിടപാട് നടത്താം. ഒരു പത്ത് വർഷങ്ങൾക്ക് മുന്നേ ഈ സംവിധാനം ചിന്തിക്കാവുന്നതിനും അപ്പുറത്തായിരുന്നു എന്ന് ഓർക്കണം . കോവിഡ്19ന്റെ വ്യപാനത്തിൽ ലോകം വളരെയധികം ചർച്ച ചെയ്ത ഒരു വിഷയമാണ് ഡിജിറ്റൽ ഡിവൈഡ് എന്നത്. നമ്മുടെ ഇന്ത്യയിൽ, പല വികസന സൂചികകളിലും മുന്നിൽ നിൽക്കുന്ന കേരളത്തിൽ പോലും മനുഷ്യർ സാങ്കേതിക മേഖലയിൽ ഒരുപാട് വേർതിരിവ് അനുഭവിക്കുന്നുണ്ട് എന്ന വസ്തുത അപ്പോഴാണ് സ്ഥിതിവിവരക്കണക്കുകൾ സഹിതം പുറത്തവരുന്നത്. അപ്പോൾ ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെയും ജനങ്ങൾ എത്ര മാത്രം സാങ്കേതികപരമായ വേർതിരിവ് അനുഭവിക്കുന്നു എന്നത് ഊഹിക്കാവുന്നതിനും അപ്പുറമാണ്.
പരിമിതമായ ഡിജിറ്റൽ ഉപയോഗമുള്ള രാജ്യങ്ങൾക്ക് വേണ്ട സാങ്കേതിക പിന്തുണ ദക്ഷിണ കൊറീയ നൽകുമെന്ന് യൂൺ തന്റെ പ്രസംഗത്തിൽ ഉറപ്പ് നൽകി. ഇത് ഈ രാജ്യങ്ങളിലെ പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഉപകാരപ്പെടും. അമേരിക്കയിലെ ന്യൂയോർക് യൂണിവേഴ്സിറ്റിയിലും ഫ്രാൻസിലെ സോർബോൺ യൂണിവേഴ്സിറ്റിയിലും നടത്തിയ പ്രസംഗത്തിൽ ഒരു രാജ്യത്ത് ഡിജിറ്റൽ സംസ്കാരം നിലവിൽ വരണമെങ്കിൽ അവിടെ സാങ്കേതിക വിദ്യകൾ സുരക്ഷിതമായ നിലയിൽ ഉപയോഗിക്കാനുള്ള അവസരം എല്ലാകാർക്കും തുല്യമായി ലഭിക്കണം എന്ന് യൂൺ അഭിപ്രായപ്പെട്ടിരിന്നു. ഐക്യരാഷ്ട്ര സഭയുടെ കീഴിൽ ഡിജിറ്റൽ രംഗത്തെ നിയമങ്ങൾ ഉറപ്പാക്കുന്നതിനും അതുവഴി ഡിജിറ്റൽ ധാർമികത നിലനിർത്താനും ഒരു പ്രേത്യേക സമിതി രൂപീകരിക്കുന്നതിന് ആവശ്യകതയെക്കുറിച്ചും പ്രസിഡന്റ് യൂൺ സ്യൂക് യൂൾ പ്രതിപാദിച്ചു. ഡിജിറ്റൽ രംഗം, പ്രേത്യേകിച്ചും നിർമ്മിത ബുദ്ധിയുടെ വരവോടു കൂടി കൂടുതൽ ദുരുപയോഗം ചെയ്യപ്പെടാം എന്ന മുന്നറിയിപ്പും യൂൺ അദ്ദേഹത്തിൻറെ പ്രസംഗത്തിൽ പറഞ്ഞു.
ഇതിന് പുറമെ അന്ത്യമില്ലാതെ തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധം, ഈ യുദ്ധത്തിൽ ഉത്തര കൊറിയയുടെ റഷ്യയുമായിട്ടുള്ള ആയുധവ്യാപാരം, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നും നടത്തിയ ഉച്ചകോടി, 2030ൽ നടക്കുന്ന വേൾഡ് എക്സ്പോ എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളെപ്പറ്റി ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സ്യൂക് യൂൾ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ സംസാരിച്ചു.
*******
*എഴുത്തുകാരൻ എം.ജി യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ഇൻറർനാഷനൽ റിലേഷൻസ് ആൻറ് പൊളിറ്റിക്സിലെ കൊറിയ സെൻററിൽ റിസർച്ച് അസോസിയേറ്റ്
ട്രൂ കോപ്പി തിങ്ക് എന്ന ഓൺലൈൻ മാധ്യമത്തിലാണ് ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്. ലിങ്ക് ചുവടെ ലഭ്യമാണ്.
https://truecopythink.media/world/closer-look-at-president-yoon-suk-yeols-un-speech