Written By Mirash Cherian Kurian

കോവിഡാനന്തരം, ലോകത്തുതന്നെ ഏറ്റവും അവസാനം അന്താരാഷ്ട്ര അതിർത്തി തുറന്ന രാജ്യമായി ഉത്തരകൊറിയ മാറിയിരിക്കുകയാണ്. ഉറ്റ സഹയാത്രികരായ ചൈനയുമായും റഷ്യയുമായുമുള്ള യാത്രാബന്ധം പോലും വളരെ അടുത്താണ് പുനഃസ്ഥാപിച്ചത്. ഉത്തര കൊറിയയിൽ നടന്ന 75-ാം സ്വാതന്ത്ര്യദിന പരിപാടികളിൽ റഷ്യയിൽ നിന്നും ചൈനയിൽ നിന്നും ഉന്നതതല നേതാക്കൾ എത്തിയതൊഴിച്ചാൽ, ഈ കിഴക്കൻ ഏഷ്യൻ രാജ്യം തീർത്തും ഒറ്റപ്പെട്ടുതന്നെയായിരുന്നു സ്ഥിതി ചെയ്തിരുന്നത്.

ഇത്തരം സവിശേഷമായ സാഹചര്യം നിലനിൽക്കുമ്പോൾ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉൻ നടത്തിയ റഷ്യ സന്ദർശനം ഏറെ പ്രസക്തമാണ്. സെപ്റ്റംബർ രണ്ടാം ഭാരം ആദ്യം തന്റെ സ്വകാര്യ തീവണ്ടിയിൽ, പാശ്ചാത്യഭാഷയിൽ പറഞ്ഞാൽ, ‘നിഗൂഢമായ തീവണ്ടിയിൽ’ ഉത്തര കൊറിയയിൽ നിന്ന് എത്തിയ കിം, റഷ്യൻ ഭരണാധികാരി വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ച ഒരുപക്ഷേ കിഴക്കനേഷ്യയെ മാത്രമല്ല, മറിച്ച് ലോകത്തിന്റെ തന്നെ ഗതി നിർണയിക്കാൻ പ്രാപ്തമായതാണ്. മാത്രവുമല്ല ഉത്തരകൊറിയ റഷ്യ ബന്ധത്തിന് പുത്തൻ ഏടുകൾ ഈ സന്ദർശനം സമ്മാനിക്കും എന്നുമാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. കോവിഡ് വ്യാപനത്തിനുശേഷമുള്ള കിം ജോംഗ് ഉന്നിന്റെ ആദ്യ വിദേശ പര്യടനം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഉത്തര കൊറിയൻ ഭരണാധികാരിയെ റഷ്യ ആവേശത്തോടെയാണ് വരവേറ്റത്. കിമ്മിനെ കൂടാതെ ഉത്തര കൊറിയൻ ഡെലിഗേഷനിലുണ്ടായിരുന്ന ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രി ചോ സോൺ ഹൂയ്, പ്രതിരോധ മന്ത്രി കാങ് സുൻ നാം, കൊറിയൻ പീപ്പിൾസ് ആർമിയിലെ ഉന്നതതല നേതാക്കൾ എന്നിവരെ റഷ്യൻ മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. അവസാനമായി കിം റഷ്യ സന്ദർശിച്ചത് 2019-ലാണ്. റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് കൊണ്ടുപോകുവാനും, രാഷ്ട്രീയം, സൈനികം, സാമ്പത്തികം, സാംസ്കാരികം എന്നീ മേഖലകളിൽ ചേർന്ന് പ്രവർത്തിക്കാനും ഇരു നേതാക്കളും തമ്മിലുള്ള ചർച്ചയിൽ തീരുമാനമുണ്ടായി. തങ്ങളുടെ സ്വാതത്രതത്തിലും പരമാധികാരത്തിലുമുള്ള ഏതുതരം കടന്നുകയറ്റത്തെയും, അത് ആരുടെ ഭാഗത്തു നിന്നായാലും, ചെറുക്കുമെന്ന് ഇരുവരും പ്രതികരിച്ചു. പൊതു ചർച്ചകൾക്കും വാർത്താ സമ്മേളനങ്ങൾക്കും ശേഷം പുടിനും കിമ്മും തീർത്തും വ്യക്തിപരമായ ചർച്ചകളിലേക്ക് കടന്നു. ഈ ചർച്ചയുടെ ഉള്ളടക്കം വെളുപ്പെടുത്തിയിട്ടില്ല. ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്തതിനുശേഷമാണ് വ്ലാദിമിർ പുടിൻ കിമ്മുമായുള്ള കൂടിക്കാഴ്ചക്കെത്തിയത്.

പുടിനും കിം ജോംഗ് ഉന്നും തമ്മിലുള്ള ചർച്ച അരങ്ങേറിയത് റഷ്യയുടെ വോസ്‌റ്റോക്‌നി സ്പേസ് പോർട്ടിൽ വെച്ചാണ്. ബഹിരാകാശ വിക്ഷേപണത്തിന് കസാക്കിസ്ഥാനെ അമിതമായി ആശ്രയിക്കുന്നതിന് ഒരു പോംവഴി എന്ന നിലയിലാണ് ഈ കേന്ദ്രം ആരംഭിച്ചത്. ഇവിടത്തെ പ്രത്യേക വിസിറ്റേഴ്സ് ലോഗ്ഗിൽ ലോകത്ത് ആദ്യമായി ബഹിരാകാശം കീഴടക്കിയ റഷ്യൻ കീർത്തി എന്നും നിലനിൽക്കട്ടെ എന്ന് കിം രേഖപ്പെടുത്തി. മുമ്പെങ്ങുമില്ലാത്ത വിധം ഇരു രാജ്യങ്ങളും പരസ്പരസഹകരണത്തോടെ മുന്നേറേണ്ട സാഹചര്യമാണെന്ന തിരിച്ചറിവ് രണ്ട് രാഷ്ട്രത്തലവന്മാർക്കും ഉണ്ടെന്നത് തീർത്തും പ്രകടമാണ്. റഷ്യ യുക്രെയ്നുമായി അങ്ങേയറ്റം വിനാശകരമായ യുദ്ധം തുടരുന്നു. ഈ യുദ്ധത്തെ തുടർന്നുള്ള അന്താരാഷ്ട്ര തലത്തിലുള്ള നിരോധനങ്ങൾ റഷ്യൻ സമ്പദ്‌വ്യവസ്ഥയയെ മാത്രമല്ല, സാധാരണ റഷ്യൻ ജനജീവിതത്തെയും ബാധിച്ചു. അമേരിക്കൻ- പാശ്ചാത്യ നിർമിതമായ ഡ്രോണുകളും മിസൈലുകളും റഷ്യൻ മണ്ണിൽ പതിയ്ക്കുമ്പോൾ ഉണ്ടാവുന്നത് കേവലം സുരക്ഷാ ഭീഷണി മാത്രമല്ല, മറിച്ച്, ഏതാനും ആഴ്ചകൾ കൊണ്ട് യുക്രെയ്ൻ കീഴടക്കാം എന്ന് കരുതിയിരുന്ന റഷ്യൻ യുദ്ധ തന്ത്രത്തിന്റെ പാളിച്ചകൾ കൂടെയാണ്.

കിഴക്കൻ ഏഷ്യയിലും സ്ഥിതിഗതികൾ ദൈനംദിനം മാറിക്കൊണ്ടിരിക്കുകയാണ്. ചരിത്രപരമായ കാരണങ്ങളാൽ ബദ്ധവൈരികളായി കഴിഞ്ഞിരുന്ന ദക്ഷിണ കൊറിയയും ജപ്പാനും അമേരിക്കയുടെ മധ്യസ്ഥതയുടെ കൂടി പിൻബലത്തിൽ ഒന്നിച്ചത് ഉത്തര കൊറിയക്ക് ചില്ലറ തലവേദനയൊന്നുമല്ല സൃഷ്ടിക്കാൻ പോകുന്നത്. സമീപകാലത്ത് നടന്ന ക്യാമ്പ് ഡേവിഡ് സമ്മിറ്റിൽ മുഖ്യ ചർച്ചാവിഷയം ആയതും ഉത്തര കൊറിയ തന്നെയാണ്. ജപ്പാൻ-ദക്ഷിണ കൊറിയ- അമേരിക്ക സഖ്യം നടത്തുന്ന സംയുക്ത സൈനിക പ്രകടനങ്ങൾ കിഴക്കൻ ഏഷ്യൻ മേഖലയെ ഒരു കലാപഭൂമികയാക്കാൻ കെൽപ്പുള്ളതാണ്. ഉത്തര കൊറിയയും റഷ്യക്ക് സമാനമായോ, അതിനുമുകളിലോ അമേരിക്കയുടെയും ഐക്യരാഷ്ട്ര സഭയുടെയും അടക്കം നിരവധി വ്യാപാര,വാണിജ്യ വിലക്കുകൾ നേരിടുന്ന രാജ്യമാണ്.

ഇത്തരം സവിശേഷമായ സാഹചര്യത്തിൽ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുക എന്നത് ഈ രണ്ട് രാജ്യങ്ങളുടെയും ആവശ്യമാണ്. ഉത്തര കൊറിയൻ മേഖലയിൽ നിപുണനും റഷ്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർ ഈസ്റ്റേൺ സ്റ്റഡീസിൽ സെന്റർ ഫോർ കൊറിയൻ സ്റ്റഡീസിന്റെ ഡയറക്ടറുമായ അലക്സാണ്ടർ സെബിന്റെ വാക്കുകളിൽ പ്യോങ്‌യാങ് മോസ്കോയുമായുള്ള സൗഹൃദം വാക്കുകളിലല്ല, മറിച്ച് പ്രവർത്തികളിലാണ് വെളിവാക്കുന്നത്. ഇതിന് അടിവരയിടുന്നതാണ് ഉത്തര കൊറിയൻ ഭരണാധികാരിയുടെ റഷ്യൻ സന്ദർശനം. റഷ്യക്കെതിരെ യുക്രെയ്ന്റെ സഖ്യകക്ഷികൾ ഐക്യരാഷ്ടസഭയിൽ അവതരിപ്പിച്ച എല്ലാ പ്രമേയങ്ങളെയും എതിർക്കുന്നതിൽ മുന്നിൽ തന്നെ ഉത്തര കൊറിയയും ഉണ്ടായിരുന്നു. ഇന്ത്യയെ പോലെ സോവിയറ്റ് കാലം മുതൽ റഷ്യൻ സഹായങ്ങളും സഹകരണങ്ങളും ആവോളം ഏറ്റു വാങ്ങിയ രാജ്യം പോലും ഒരുതരം അഴകൊഴമ്പൻ സമീപനം റഷ്യ- യുക്രെയ്ൻ വിഷയത്തിൽ സ്വീകരിച്ചപ്പോഴാണ് ഉത്തര കൊറിയയെ പോലെ ഒരു കുഞ്ഞൻ രാഷ്ട്രം ഒരുപടി കൂടി കടന്ന് ഇത്തരമൊരു നയം സ്വീകരിച്ചത് എന്നത് വ്ലാദിമിർ പുടിൻ എന്നും സ്മരണയോടെ ഓർക്കും എന്നത് തീർച്ച.

യുക്രെയ്നുമായി റഷ്യ ഏർപ്പെട്ടിരിക്കുന്നത് ഒരു തരത്തിൽ വിശുദ്ധ യുദ്ധമാണെന്നും, ഇത് അമേരിക്കൻ ഹെജിമണിയെ തകർക്കാനുതകുമെന്നും കിം ജോംഗ് ഉൻ പ്രസ്താവിച്ചു. റഷ്യൻ ഭരണാധികാരിയെടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും തങ്ങൾ നിലയുറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

റഷ്യക്കും ഉത്തര കൊറിയക്കും ചേർന്ന് പ്രവർത്തിക്കാൻ നിരവധി മേഖലകളുണ്ട്. ഉദ്ദാഹരണത്തിന് ടൂറിസം. വിദേശ ടൂറിസ്റ്റുകൾക്ക് ഉപകാരപ്രദമാവുംവിധം പ്രവർത്തിച്ചാൽ ഇരു രാജ്യങ്ങൾക്കും അതിൽ നിന്ന് നേട്ടം കൊയ്യാം. അതുപോലെ, നോർത്ത് കൊറിയയിലെ മിക്ക താപ വൈദ്യുതി നിലയങ്ങളും പണികഴിപ്പിച്ചതും പ്രവർത്തിപ്പിക്കുന്നതും റഷ്യൻ ഫെഡറേഷനാണ്. ഇരു രാജ്യങ്ങളിലും ശക്തമായ രാഷ്ട്ര സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിനും യഥാർത്ഥ അന്താരാഷ്ട്രനീതി നടപ്പാക്കുന്നതിനും സുസ്ഥിരവും ഭാവിയിലധിഷ്‌ഠിതവുമായ കൊറിയ- റഷ്യ ബന്ധം രൂപീകരിക്കുന്നതിനും ഉത്തര കൊറിയ റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പുടിൻ നടത്തിയ സ്വീകരണത്തിനിടെ കിം ജോങ് ഉൻ പറഞ്ഞു. ഡി.പി.ആർ.കെ- റഷ്യ ബന്ധം സ്ഥാപിതമായിട്ട് 75 വർഷം പൂർത്തീകരിച്ചിരിക്കുകയുമാണ്.

അതേസമയം പുടിൻ- കിം കൂടിക്കാഴ്ചയിൽ പാശ്ചാത്യലോകവും അമേരിക്കയും അവരുടെ സഖ്യ കക്ഷികളും അസംതൃപ്തരാണ്. ഉത്തര കൊറിയ ചെകുത്താനുമായി കൈകോർക്കുകയാണ് എന്നാണ് ദക്ഷിണ കൊറിയയിലെ സർക്കാരിന് നേതൃത്വം നൽകുന്ന പീപ്പിൾ പവർ പാർട്ടിയുടെ വക്താവ് കിം ഗി- ഹിയോൺ പ്രതികരിച്ചത്. റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന് ഉപയോഗിക്കാനുള്ള ആയുധങ്ങൾ വിതരണം ചെയ്യുന്നത് നോർത്ത് കൊറിയ ആണെന്ന ആരോപണം അമേരിക്ക ഉന്നയിച്ചിരുന്നു. ഉത്തര കൊറിയയെ ‘നിലക്കു’ നിർത്തേണ്ടത് റഷ്യയുടെ ഉത്തരവാദിത്തമാണെന്നാണ് അമേരിക്ക സ്വീകരിച്ച നിലപാട്. ഉത്തരവാദിത്തപ്പെട്ട യു.എൻ സെക്യൂരിറ്റി കൗൺസിൽ അംഗം എന്ന നിലയിൽ ഐക്യരാഷ്ട്ര സംഘടനയോടുള്ള പ്രതിബദ്ധത നിലനിർത്തി തന്നെ തങ്ങളുടെ അയൽരാജ്യമായ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയയോടുള്ള കടമ നിറവേറ്റും എന്ന റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവിന്റെ പ്രതികരണവും ഏറെ കൗതുകത്തോടെ നോക്കിക്കാണേണ്ടതാണ്.

കിമ്മിന്റെ തീവണ്ടി റഷ്യൻ അതിർത്തി കടന്നപ്പോൾ അത് കിഴക്കനേഷ്യയെയും ലോകക്രമത്തെയും അനുകൂലമായിയാണോ പ്രതികൂലമായിട്ടാണോ ബാധിക്കുന്നത് എന്നത് ഭാവിക്കുമാത്രമേ നിശ്ചയിക്കാനാകൂ.

*******

*എഴുത്തുകാരൻ എം.ജി യൂണിവേഴ്​സിറ്റിയിൽ സ്​കൂൾ ഓഫ്​ ഇൻറർനാഷനൽ റിലേഷൻസ്​ ആൻറ്​ പൊളിറ്റിക്​സിലെ കൊറിയ സെൻററിൽ റിസർച്ച്​ അസോസിയേറ്റ്

ട്രൂ കോപ്പി തിങ്ക് എന്ന ഓൺലൈൻ മാധ്യമത്തിലാണ് ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്. ലിങ്ക് ചുവടെ ലഭ്യമാണ്.

https://truecopythink.media/world/2023-north-korearussia-summit-mirash-cherian-kurian